ന്യൂഡൽഹി∙ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം വെട്ടിച്ചുരുക്കിയേക്കും. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഏപ്രില്‍ ആറുവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. സഭാ സ്തംഭനം തുടരുന്ന സാഹചര്യത്തില്‍ വെട്ടിച്ചുരുക്കുന്നത് പരിഗണനയിലാണ്.
ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇരുസഭകളും തുടര്‍ച്ചയായ ഏഴു ദിവസമാണ് തടസപ്പെട്ടത്. വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി. ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറയുമെന്ന് ഉറപ്പു നല്‍കിയാല്‍ മാത്രം രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാമെന്ന് ബിജെപി ലോക്സഭാ സ്പീക്കറെ അറിയിച്ചു.
ചട്ടം 357 പ്രകാരം തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്നാണ് രാഹുലിന്‍റെ അഭ്യര്‍ഥന. അദാനി വിവാദത്തില്‍ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന നിലപാടില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. രാജ്യസഭാ അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ നിന്ന് കോണ്‍ഗ്രസും ഡിഎംകെയും വിട്ടു നിന്നിരുന്നു.
അതേസമയം, യുഗാദി, ഗുഡി പഡ്‍വ എന്നീ ആഘോഷങ്ങള്‍ കണക്കിലെടുത്ത് പാര്‍ലമെന്‍റിന് ഇന്ന് അവധി നല്‍കിയിരുന്നു. അവധി നല്‍കിയത് പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് സമാജ്‍വാദി പാര്‍ട്ടി എംപി ഷഫിഖുര്‍ റഹ്മാന്‍ വിമര്‍ശിച്ചു. ഉപധാനാഭ്യര്‍ഥനകളും ജമ്മുകശ്മീര്‍ ബില്ലും ചൊവ്വാഴ്ച ചര്‍ച്ചയില്ലാതെ ലോക്സഭ പാസാക്കിയിരുന്നു. ധനാഭ്യര്‍ഥന ഗില്ലറ്റിന്‍ ചെയ്ത് ധനബില്ല് ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കിയേക്കും.