കൊല്ലം: മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറയെ കബളിപ്പിക്കാനായി നമ്പർ പ്ലേറ്റുകളിൽ കൃത്രിമത്വം കാണിച്ച 243 വാഹനങ്ങൾ പൊലീസ് പിടിയിൽ. വാഹന നമ്പറുകൾ തിരിച്ചറിയാത്ത രീതിയിലാക്കി നിരത്തിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം നടത്തിയ സ്പെഷൽ ഡ്രൈവിലാണ് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്.
നമ്പർ പ്ലേറ്റുകളില്ലാതെയും നമ്പറുകൾ ചുരണ്ടി മാറ്റിയും നമ്പറുകൾ മാറ്റം വരുത്തിയും സ്റ്റിക്കറുകൾ പതിപ്പിച്ചുമാണ് ഇവർ കാമറയെ കബളിപ്പിക്കാൻ ശ്രമിച്ചത്. കൊല്ലം സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിലായി 234 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുകയും ഒമ്പത് വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് ചുമത്തി കോടതിക്ക് കൈമാറുകയും ചെയ്തു.
ചവറ തെക്കുംഭാഗം സ്റ്റേഷനുകളിൽ മൂന്ന് വാഹനങ്ങളും ചാത്തന്നൂർ, പരവൂർ സ്റ്റേഷനുകളിൽ രണ്ട് വീതവും കണ്ണനല്ലൂർ, ചവറ സ്റ്റേഷനുകളിൽ ഒന്നുവീതവും ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്ത കോടതിക്ക് കൈമാറി. നമ്പർ മാറ്റം വരുത്തി ഉപയോഗിക്കുന്നത് 10,000 രൂപ പിഴചുമത്തുന്ന കുറ്റമാണ്. നമ്പറുകൾ തിരിച്ചറിയാത്ത രീതിയിലാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണം. നിയമവിരുദ്ധമായി നമ്പർ പ്ലേറ്റ് ഇല്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്ന് കമീഷണർ അറിയിച്ചു.




















