തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു. മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് നഗരസഭയുടെ നടപടി. ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. മഴയൊന്ന് ആഞ്ഞ് പെയ്താൽ തലസ്ഥാന നഗരത്തിലാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാലിന്യം വന്നടിഞ്ഞാണ് ഓടകളടഞ്ഞ് പോകുന്നതെന്ന് കണ്ടെത്തിയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഈ പരിഹാര നിര്‍ദ്ദേശം.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നേരത്തെ കോര്‍പറേഷൻ വച്ച ക്യാമറകളെല്ലാം മോഷണം പോയതിനെ തുടര്‍ന്നാണ് പുതിയവ വാങ്ങുന്നത്. തോടും ഓടകളും വൃത്തിയാക്കാത്തതും കയ്യേറ്റങ്ങൾക്ക് എതിരെ നടപടി ഇല്ലാത്തതും തുടങ്ങി അനന്തമായി നീണ്ട് പോകുന്ന സ്മാര്‍ട് സിറ്റി റോഡ് പണിവരെ നഗരത്തിലെ വെള്ളക്കെട്ടിന് പല കാരണങ്ങളുമുണ്ട്.
മന്ത്രിമാരും മേയറും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിഹാര ചര്‍ച്ചയിൽ ഉയര്‍ന്നത് പലവിധ നിര്‍ദ്ദേശങ്ങളായിരുന്നു. ഓടകൾ ഒരാഴ്ചക്ക് അകം വൃത്തിയാക്കും. സ്വീവേജ് മാൻഹോളിലേക്ക് വെള്ളം കടത്തി വിടുന്ന വീടുകളും സ്ഥാപനങ്ങളും കണ്ടെത്താൻ സംയുക്ത സര്‍വെ നടത്തും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. തോടുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.