തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം കണ്ടെത്താനായി എ.ഐ കാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 കാമറകളാണ് ഉണ്ടാവുക. ഇതിൽ 680 എണ്ണം എ.ഐ കാമറകളാണ്. ഏപ്രിൽ 20 മുതലാകും പുതിയ കാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക.
225 കോടി രൂപ മുടക്കിയാണ് 680 എ.ഐ കാമറകൾ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. കെൽട്രോണും എം.വി.ഡിയും തമ്മിലുള്ള ചില തർക്കങ്ങളും സാങ്കേതിക കാരണങ്ങളുമാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കാന്‍ ഇത്രയും വൈകിയതിന് കാരണമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കാമറകൾ പ്രവർത്തന സജ്ജമാണെന്ന റിപ്പോർട്ട് എം.വി.ഡി സർക്കാറിന് കൈമാറിയിരുന്നു
ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനാണ് കാമറ പ്രയോജനപ്പെടുക. എ.ഐ കാമറ എത്തുന്നതോടെ ബൈക്കിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റില്ലെങ്കിൽ പണി കിട്ടും.