ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാളിനെതിരായ ക്വാർട്ടർ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനാലാപനത്തിനിടെ കണ്ണീരടക്കാനാവാതെ ഇന്ത്യൻ താരം സായ് കിഷോർ. രാജ്യത്തിനായി ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ താരം ലൈനപ്പിനിടെയായിരുന്നു വികാരഭരിതനായത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇന്ത്യൻ താരം ദിനേശ് കാർത്തിക് അടക്കമുള്ളവർ ആദ്യ മത്സരത്തിനിറങ്ങിയ സായ് കിഷോറിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടു. ‘വർഷങ്ങളായുള്ള താരത്തിന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇന്ത്യക്കായി ഇറങ്ങാനായത്. കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്ക് അതിന്റെ ഫലം തിരികെ നൽകാൻ ദൈവത്തിന്റേതായ വഴികളുണ്ട്. വൈറ്റ് ബാളിൽ ആഭ്യന്തര ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിച്ച താരം ഒരു സമ്പൂർണ സൂപ്പർസ്റ്റാറാണ്, എനിക്ക് അദ്ദേഹത്തെ ഓർത്ത് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. രാവിലെ ഉണർന്ന് ആദ്യ പതിനൊന്നിൽ അവന്റെ പേര് കണ്ടപ്പോൾ ഞാൻ വികാരഭരിതനായി. ചില ആളുകൾ നന്നായി ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, അവൻ എപ്പോഴും എന്റെ പട്ടികയിൽ ഒന്നാമനായിരുന്നു. അദ്ദേഹം ഒരു ഇന്ത്യൻ ക്രിക്കറ്ററായി മാറിയതിൽ വളരെ സന്തോഷമുണ്ട്’, ദിനേശ് കാർത്തിക് കുറിച്ചു.
നാലോവർ എറിഞ്ഞ സായ് കിഷോർ 25 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 28 റൺസെടുത്ത ഓപണർ കുശാൽ ബുർതേലിനെ ആവേശ് ഖാന്റെ കൈയിലെത്തിച്ചായിരുന്നു സായ് കിഷോറിന്റെ വിക്കറ്റ് നേട്ടം. യശസ്വി ജയ്സ്വാൾ സെഞ്ച്വറി നേടിയ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 23 റൺസിന് തോൽപിച്ചിരുന്നു.