ചെന്നൈ : തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. ഇരട്ട നേതൃത്വം ഒഴിവാക്കി പാർട്ടി കൈപ്പിടിയിലാക്കാനുള്ള ഇ.പളനിസാമിയുടെ നീക്കത്തിൽ പ്രതിഷേധിച്ച്ഒ.പനീർ ശെൽവം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പനീർ ശെൽവത്തെ അപമാനിച്ച് ഇറക്കിവിട്ടെന്ന്അനുയായികൾ ആരോപിച്ചു. നടപടികൾ തുടങ്ങി ഒന്നര മണിക്കൂറിൽ തന്നെ ജനറൽ കൗൺസിൽഅലസിപ്പിരിയുകയായിരുന്നു. അതേസമയം പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും പളനിസാമിക്ക്പിന്തുണ രേഖപ്പെടുത്തി. അടുത്ത മാസം 11 ന് ചേരുന്ന ജനറൽ കൗൺസിൽ ഇപിഎസിനെ ജനറൽസെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും ഇപിഎസ് പക്ഷം പ്രഖ്യാപിച്ചു. ജനറൽ കൗൺസിൽ വീണ്ടും വിളിക്കാൻതീരുമാനമില്ലെന്നാണ് ഒപിഎസ് പക്ഷം അറിയിക്കുന്നത്.
ജനറൽ കൗൺസിലിന് അനുമതിനൽകരുതെന്ന് ആവശ്യപ്പെട്ട്, ഒ.പനീർശെൽവം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രാഷ്ട്രീയപാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. നേരത്തെ തീരുമാനിച്ച 23 ഇന അജണ്ട മാത്രമേ കൗൺസിലിൽ ചർച്ച ചെയ്യാൻ പാടുള്ളുവെന്ന ഒപിഎസിന്റെ ആവശ്യം സംബന്ധിച്ചും കോടതി തീരുമാനമെടുത്തില്ല. ഇതോടെയാണ് ജനറൽ കൗൺസിൽയോഗത്തെ തൻ്റെ വരുത്തിയിൽ കൊണ്ടുവരാൻ എടപ്പാടി പളനിസാമിക്ക് സാധിച്ചത്.
അണ്ണാ ഡിഎംകെയിലെ പോരിൽ പാർട്ടി സംവിധാനത്തിന്‍റെ പിന്തുണ ഉറപ്പാക്കിയാണ് എടപ്പാടി പളനിസാമി മുന്നോട്ട് നീങ്ങുന്നത്. ഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളും പളനിസാമിക്ക് ഒപ്പമാണ്. സ്വന്തം ജില്ലയിൽ നിന്നുപോലും പിന്തുണ ഉറപ്പിക്കാനാകാതെ ദുർബലനായ പനീർ ശെൽവത്തിന്‍റെ അടുത്ത നീക്കം തമിഴകരാഷ്ട്രീയത്തിൽ നിർണായകമാകും.
കഴിഞ്ഞ കുറച്ചു ദിവസമായി ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്തിന് മുന്നിലും തെരുവിലും അണികൾ മുദ്രാവാക്യവും വാഗ്വാദവുമായി തുടരുകയായിരുന്നു. ജനറൽ കൗൺസിൽ യോഗത്തിന് മുമ്പ് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രതിപക്ഷ നേതാവും പാർട്ടി സഹ കോ ഓഡിനേറ്ററുമായ പളനിസാമി ആദ്യഘട്ടത്തിൽ തന്നെ മുന്നിലെത്തി. തിരിച്ചടി ഉറപ്പായതോടെയാണ് ജനറൽ കൗണ്‍സിൽ തന്നെ തടയാൻ ലക്ഷ്യമിട്ട് ഒപിഎസ് ഹൈക്കോടതിയിലേക്ക് എത്തിയത്.
ജയലളിതയുടെ കാലത്ത് പാർട്ടിയിലെ രണ്ടാമനായിരുന്ന പനീർശെൽവം രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ദുർബലനായ നിലയിലാണിപ്പോൾ. ഒറ്റനേതൃത്വം വേണമെന്ന ആവശ്യത്തിൽ പളനിസാമി പക്ഷം ഉറച്ചുനിൽക്കുമ്പോൾ ഇപ്പോഴത്തെപ്പോലെ ഇരട്ടനേതൃത്വം മതിയെന്ന നിലപാടിലേക്ക് പനീർശെൽവം മയപ്പെട്ടു. എന്നാൽ പളനിസാമിയെ ജനറൽ സെക്രട്ടറി ആക്കാൻ അനുവദിക്കില്ലെന്ന കടുംപിടുത്തം തുടരുന്നു. എംജിആറിന്‍റേയും ജയലളിതയുടേയും കാലത്തേപ്പോലെ ഏകനേതൃത്വത്തിലേക്ക് മടങ്ങാൻ പാർട്ടി ഭരണഘടനയിൽ ഭേദഗതി വേണ്ടിവരും. ഇക്കാര്യം ജനറൽ കൗൺസിൽ ചർച്ച ചെയ്യാൻ നിലവിലെ ഭരണഘടന പ്രകാരം പാർട്ടി കോ ഓഡിനേറ്ററായ പനീർശെൽവത്തിന്‍റെ സമ്മതം ആവശ്യമാണ്. സാങ്കേതികമായ ഈ അനുകൂലഘടകം മാത്രമാണ് ഒപിഎസിന്‍റെ ഏക പിടിവള്ളി.
72 ജില്ലാ സെക്രട്ടറിമാരിൽ 62 പേരും പളനിസാമിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് വിവരം. പനീർശെൽവത്തിന്‍റെ സ്വന്തം ജില്ലയായ തേനിയിൽ പോലും ഇപിഎസ് സ്വാധീനം ഉറപ്പിച്ചു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും ഇപിഎസിനാണ്. ഇതിനിടെ തമിഴ് പത്രങ്ങളുടെ മുൻപേജിൽ ഒപിഎസ് വിഭാഗം പനീർശെൽവത്തെ പുകഴ്ത്തി മുഴുവൻ പേജ് പരസ്യം പ്രസിദ്ധീകരിച്ചത് ഭിന്നത കൂടുതൽ തീവ്രമാക്കി. ഒപിഎസ് പളനിസാമിയുടെ നേതൃത്വം അംഗീകരിക്കുമോ പുറത്തുനിൽക്കുന്ന ശശികല പക്ഷത്തേക്കൂടി കൂട്ടുപിടിച്ച് കലാപം തുടരുമോ എന്നെല്ലാം ഇനി കാത്തിരുന്ന് കാണണം.