ദില്ലി: പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി എഐസിസി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം. എ.കെ.ആൻ്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
കെ.വി.തോമസിൻ്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തിൽ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നൽകും. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി.തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തിരക്കിട്ടുള്ള നടപടികൾവേണ്ടെന്നും പാര്‍ട്ടി ചട്ടപ്രകാരമുള്ള നടപടികൾ മതിയെന്നുമുള്ള നിലയിലുമാണ് നേതൃത്വം എന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിലൂടെ മനസ്സിലാവുന്നത്.