ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്ക് ആളെ നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണനെയാണ് ഹൈക്കമാൻഡ് കെപിസിസിയോടു നിർദ്ദേശിച്ചത്. എന്നാൽ എം.ലിജുവിനെ പരിഗണിക്കണമെന്ന ആവശ്യമാണ് കെപിസിസി ഉയർത്തുന്നത്.
രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി.ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും എം. ലിജു ഉൾപ്പെടെയുള്ള യുവനേതാക്കളുടെ പേരുകൾ സജീവ ചർച്ചയാവുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൈക്കമാൻഡ് പേരു നിർദേശിച്ചത്. കെപിസിസി പരിഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസന്റെ പേരു കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദേശം.
എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തേ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയത്. നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.