കൊച്ചി : യാത്രയ്ക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ടു ചെയ്ത എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്.
ഷാർജയിൽനിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.