കോഴിക്കോട് : കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെയാണ് കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറിന് ശേഷം അടിയന്തിരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്. രാവിലെ 9.44 ന് കരിപ്പൂരിൽ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോൾ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് എയർട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ആദ്യം കരിപ്പൂരിൽ തന്നെ അടിയന്തിരമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അടിയന്തിര ലാൻഡിംഗിന് അനുമതി കിട്ടാത്തതിനെ തുടർന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമർജൻസി ലാൻഡിംഗ് അനുമതിയില്ലാത്തിനാലാണ് തിരുവനന്തപുരത്തിറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്നലെ വൈകുന്നേരത്തോടെ ദമാമിലേക്ക് പോയി.