മസ്കറ്റ് : അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിൻ ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തുവിട്ടു. പുതിയ നിയമം ഒക്ടോബർ 29 മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ കാബിൻ ബാഗേജ് നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. ബോക്സുകൾ കൂടുതലുണ്ടെങ്കിൽ പ്രത്യേക അനുമതി തേടണം. നിശ്ചിത തുക അടയ്ക്കുകയും വേണം. നേരത്തെ 30 കിലോയാണ് ചെക്കിൻ ബാഗേജ് അനുവദിച്ചിരുന്നത്. ചെക്കിൻ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകാം. എന്നാൽ അനുവദിച്ച തൂക്കം കൃത്യമായിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന. ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന വ്യക്തിയുടെ കയ്യിൽ അനുവദനീയമായ തൂക്കത്തിന്‌റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് 8.5 റിയാൽ എന്ന നിരക്കിൽ അധികം നൽകണം. രണ്ടിൽ കൂടുതൽ വരുന്ന ഓരോ ബോക്സിനും ഇത്തരത്തിൽ അധിക തുക നൽകേണ്ടി വരും.