ലണ്ടൻ∙ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ മൂലം ബ്രിട്ടനിൽ അഞ്ഞൂറോളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. പ്രശ്നം കണ്ടെത്തി പരിഹരിച്ചെന്ന് ബ്രിട്ടൻ നാഷനൽ എയർ ട്രാഫിക് സർവീസ് (എൻഎടിഎസ്) വക്താവ് അറിയിച്ചു. എയർലൈൻ കമ്പനികളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെട്ട് സർവീസുകൾ പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്.
സുരക്ഷയുടെ ഭാഗമായാണ് വിമാനങ്ങൾ റദ്ദാക്കിയത്. തിങ്കളാഴ്ച രാവിലെ മുതലാണ് പ്രശ്നം ഉടലെടുത്തത്. പ്രദേശിക നിയന്ത്രണത്തോടെ സ്കോട്‌ലൻഡിലേക്കുൾപ്പെടെയുള്ള ആഭ്യന്തര സർവീസുകൾ പരിമിതമായ രീതിയിൽ നടത്തുന്നുണ്ടായിരുന്നു. എന്നാൽ വടക്ക്–തെക്ക് ഭാഗങ്ങളിലേക്കും രാജ്യാന്തര സർവീസുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തു. യാത്ര െചയ്യുന്നവർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കണമെന്നും എൻഎടിഎസ് അധികൃതർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.