ബ്ലൂംബെർഗ്: റെക്കോഡ് വാർഷിക ലാഭം നേടിയതിനു പിന്നാലെ ജീവനക്കാർക്ക് എട്ടുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് നൽകി സിംഗപൂർ എയർലൈൻ.
അർഹരായ ജീവനക്കാർക്ക് 6.65 മാസത്തെ ശമ്പളത്തിനു തുല്യമായ തുക ലാഭവിഹിത -ബോണസ് നൽകും. ജീവനക്കാരുടെ മഹാമാരിക്കാലത്തെ കഠിനാധ്വാനത്തിനും ത്യാഗത്തിനും മാക്സിമം 1.5 മാസത്തെ ശമ്പളം എക്സ് ഗ്രേഷ്യ ബോണസായും നൽകുമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. മുതിർന്ന മാനേജ്മെന്റിന് അധികമുള്ള എക്സ്ഗ്രേഷ്യ ബോണസ് ലഭിക്കില്ല.
ലാഭവിഹിത-ബോണസ് ഫോർമുല പ്രകാരമാണ് ജീവനക്കാർക്ക് ബോണസ് നൽകുക. അത് കമ്പനിയിലെ തൊഴിലാളി യൂനിയനുകൾ അംഗീകരിച്ചതാണെന്നും വക്താവ് കൂട്ടിച്ചേർത്തു.1.62 ബില്യൺ ഡോളറാണ് കമ്പനിയുടെ കഴിഞ്ഞ വർഷത്തെ മാർച്ച് 31 വരെയുള്ള വരുമാനം. മുന്നോട്ടുള്ള യാത്രയും സുരക്ഷിതമാണെന്നും ചൈന, ജപ്പാൻ, സൗത് കൊറിയ എന്നിവിടങ്ങളിൽ നിന്നെല്ലാം ബുക്കിങ് നടക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. വ്യാഴാഴ്ച കമ്പനിയുടെ ഓഹരിയിൽ 1.2 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
സിംഗപൂർ എയർലൈനും അതിന്റെ ബജറ്റ് ഫ്ലൈറ്റ് സ്കൂട്ടും കഴിഞ്ഞ വർഷം മാത്രം 26.5 മില്യൺ യാത്രക്കാരെ വഹിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലമായ 2022 മാർച്ച് വരെയുള്ളതിനേക്കാൾ ആറ് മടങ്ങ് അധിക യാത്രക്കാരാണ് കഴിഞ്ഞ വർഷം സിംഗപൂർ എയർലൈൻ വഴി യാത്ര ചെയ്തത്.