തിരുവനന്തപുരം : മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ നടന്ന അക്രമത്തിൽ ഇപി ജയരാജനെതിരേ കേസെടുക്കില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇപി ജയരാജൻ ശ്രമിച്ചത് . കേസിന്റെ ഗൗരവം കുറയ്ക്കാൻ നൽകിയ പരാതിയെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരേ കേസെടുക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് പരാതിയെന്ന് ബോധ്യമായെന്നും എഴുതി നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇപി ജയരാജൻ ആക്രമണം തടയാൻ ശ്രമിച്ചു. നിത്യാനന്ദ കെ.യു,ദിൽജിത്ത് എന്നിവർ ഈ വിഷയത്തിൽ ഇ-മെയിൽ വഴി പരാതി നൽകിയെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഫർസീൻ മജീദ്,നവീൻകുമാർ, സുനിത് നാരായണൻ എന്നിവരെ പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ അനുസരിച്ചും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ജയരാജനെതിരേ കേസ് എടുക്കേണ്ടെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ട്.