ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് (DoT) അനുവദിച്ച ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് എയർടെല്ലിന്റെ 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്.
ട്രയൽ സ്പെക്‌ട്രം (Trial spectrum) ഉപയോഗിച്ച് ഹൈദരാബാദിലെ കൊമേർഷ്യൽ നെറ്റ്‌വർക്കിലാണ് എയർടെൽ തങ്ങളുടെ 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ചത്. 1800 MHz ബാൻഡിൽ ലിബറലൈസ്ഡ് സ്പെക്ട്രം വഴി നോൺ സ്റ്റാൻഡ് അലോൺ (NSA) സാങ്കേതിക വിദ്യയിലൂടെയാണ് എയർടെൽ പരീക്ഷണം നടത്തിയത്. പരീക്ഷണത്തിലൂടെ റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 5 ജി ഉപയോഗിക്കാൻ സാധിക്കുമെന്ന് വ്യക്തമായി.
നിലവിൽ ഉപയോഗിക്കുന്ന മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ ഇനി മുതൽ 5 ജി നെറ്റ്‌വർക്ക് ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു. അതായത് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയപ്പോൾ രണ്ട് മണിക്കൂർ ദൈർഘ്യം വരുന്ന വീഡിയോകൾ വരെ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സാധിച്ചു.
അതേസമയം ഈ മാസം അവസാനം നടക്കാനിരിക്കുന്ന 5G സ്പെക്‌ട്രം ലേലത്തിൽ ഭാരതി എയർടെൽ പങ്കെടുക്കുന്നുണ്ട്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന മറ്റു കമ്പനികൾ. 600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് എന്നിവയുൾപ്പെടെ നിരവധി ബാൻഡുകളിലായി 5ജി എയർവേവുകൾ സർക്കാർ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ട്. 5G കൂടാതെ, 26 GHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz എന്നീ എയർവേവുകളും ലേലത്തിൽ ലഭ്യമാകും. ജൂലൈ 26 നാണ് ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് ജൂലൈ 20ന് സർക്കാർ പ്രഖ്യാപിക്കും.