രാജ്യത്ത് വിവിധയിടങ്ങളിൽ എയർടെൽ വരിക്കാർ സേവന തടസം നേരിട്ടു. നെറ്റ്‍വർക്ക് സിഗ്നൽ പ്രശ്നവും ഇന്‍റർനെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്.കോൾ, എസ്.എം.എസ് സർവിസുകളെ തടസം ബാധിച്ചു. എയർടെൽ ബ്രോഡ്ബാൻഡ് സേവനവും തടസപ്പെട്ടതായി ചില ട്വിറ്റർ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, എല്ലാ ഉപഭോക്താക്കൾക്കും നെറ്റ്‍വർക്ക് തടസം അനുഭവപ്പെട്ടിട്ടില്ല.
പ്രധാനമായും രാജ്യത്തെ വടക്കു-കിഴക്കൻ മേഖലകളിലാണ് എയർടെൽ സേവനം തടസ്സപ്പെട്ടതെങ്കിലും, മുംബൈ, ഡൽഹി, ജയ്പൂർ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും തടസ്സം നേരിട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഉച്ചക്ക് 1.50ഓടെയാണ് സേവനങ്ങളിൽ തടസ്സമുണ്ടായതെന്ന് ട്രാക്കിങ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ സൂചിപ്പിക്കുന്നു. 2.40നും 3.40നും ഇടയിൽ സേവനം പുനസ്ഥാപിക്കപ്പെട്ടതായി നിരവധി പേർ ട്വീറ്റ് ചെയ്തു. എന്നാൽ, പിന്നീടും നിരവധി പേർ നെറ്റ്‍വർക്ക് ലഭ്യമല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സേവനം തടസ്സപ്പെട്ട സംഭവത്തിൽ എയർടെൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.