ചെന്നൈ: സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല.
ഏകദേശം ഒന്നര വർഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത് ഒന്നിക്കാനുള്ള പല വഴികളില്‍ നടന്ന ചര്‍ച്ചകള്‍ ഫലത്തിലാകാത്തിനെ തുടര്‍ന്നാണ്. വൈകാതെ ഇവരുടെ കേസ് പരിഗണിക്കും എന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. എന്നാല്‍ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ധനുഷിന്‍റെയും ഐശ്വര്യയുടെയും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.
2022 ജനുവരി 17-ന് ധനുഷ് തന്നെയാണ് എക്സ് പോസ്റ്റിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.
പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ – എന്നാണ് രണ്ടുപേരും സംയുക്തമായി ഇറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.
പിന്നീട് മാസങ്ങളോളം രജനീകാന്ത് അടക്കം ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇരുവരും ഒന്നിച്ച് പോകാന്‍ തയ്യാറായില്ല എന്നാണ് വിവരം. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം.












