ന്യൂഡൽഹി: കന്നഡതാരം കിച്ച സുദീപിന്റെ ഹിന്ദിയുമായി ബന്ധപ്പെട്ട പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്നായിരുന്നു കിച്ച സൂദീപിന്റെ പ്രതികരണം. ഇതിന് ട്വിറ്ററിലൂടെയാണ് ദേവ്ഗൺ മറുപടി നൽകിയിരിക്കുന്നത്.
ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് ദേവ്ഗൺ ട്വീറ്റ് ചെയ്തു. ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങൾ സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നതെന്നും അജയ് ദേവ്ഗൺ ചോദിച്ചു. പൂർണമായും ഹിന്ദിയിലായിരുന്നു ദേവ്ഗണിന്റെ ട്വീറ്റ്.
കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉടലെടുത്തത്. കെ.ജി.എഫിന്റെ വൻ വിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ചിത്രം കന്നഡയിൽ നിർമ്മിച്ചുവെന്ന് അഭിപ്രായം പലരും പങ്കുവെച്ചിരുന്നു ഇതിനുള്ള മറുപടി പോസ്റ്റിലാണ് കിച്ച സുദീപ് ഹിന്ദിക്കെതിരെ രംഗത്തെത്തിയത്.
നിങ്ങൾ പാൻ ഇന്ത്യൻ ഫിലിം കന്നഡയിൽ നിർമ്മിച്ചുവെന്ന് പറഞ്ഞു. അതിൽ ചെറിയൊരു തിരുത്തൽ വരുത്താനുണ്ട്. ഹിന്ദി ഇനി മുതൽ ദേശീയ ഭാഷയല്ല. ബോളിവുഡ് പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുകയാണ്. തമിഴ്, തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് വിജയമുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ, അതും യാഥാർഥ്യമാവുന്നില്ല. ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമകൾ എല്ലായിടത്തും എത്തുന്നുണ്ട്. ആർ.ആർ.ആർ, കെ.ജി.എഫ് എന്നിവ ഇതിനുള്ള ഉദാഹരണമാണെന്നും കിച്ച സുദീപ് പറഞ്ഞിരുന്നു.