മാനന്തവാടി: കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക നിരസിച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബം. കർണാടകയിൽനിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെട്ടതിനെ തുടർന്നാണ് കർണാടക നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ഉൾപ്പെടെയുള്ളവർ കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ചാണ് കർണാടകയുടെ 15 ലക്ഷം അജീഷിന്‍റെ കുടുംബം വേണ്ടെന്ന് വെക്കുന്നത്. തീരുമാനം രേഖാമൂലം കർണാടക സർക്കാറിനെ കുടുംബം അറിയിക്കും. ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എം.പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബി.ജെ.പിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്നും വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന നടപടി കാപട്യമെന്നും കുറ്റപ്പെടുത്തി.
കാട്ടാനയുടെ ചവിട്ടേറ്റാണ് വയനാട് ജില്ലയിലെ ചാലിഗദ്ദയിലെ അജീഷ് കൊല്ലപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിൽനിന്ന് മരിച്ച ഒരാൾക്ക് സംസ്ഥാന ഫണ്ടായ 15 ലക്ഷം രൂപ നിയമവിരുദ്ധമായാണ് അനുവദിച്ചതെന്ന് വിജയേന്ദ്ര പറഞ്ഞിരുന്നു. കർണാടകയിൽനിന്നുള്ള ആനയെ കുറ്റപ്പെടുത്തുന്നത് വഞ്ചനയാണ്. കോൺഗ്രസ് ഹൈകമാൻഡിന്‍റെ അത്യാഗ്രഹം തീർക്കാൻ കർണാടക നികുതിദായകരുടെ പണം അധാർമികമായി കൊള്ളയടിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂട്ടരും ഉത്തരവാദികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.