തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ‌്തനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത്ത‌് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കുന്ന വാര്‍ത്ത സി.പി.എം ന്റെ മുഖപത്രമായ ദേശാഭിമാനിയിലും പ്രസിദ്ധീകരിച്ചു. 2019 ജനുവരി 18 നാണ് ദേശാഭിമാനി ഓണ്‍ലൈന്‍ ചാനലില്‍ ഈ വാര്‍ത്ത വന്നത്. വാര്‍ത്ത ഇപ്പോഴും നിലവിലുണ്ട്.
മറുനാടന്‍ മലയാളിക്കെതിരെയുള്ള സി.പി.എമ്മിന്റെ പ്രധാന ആയുധവും ഇതായിരുന്നു. മറുനാടന്‍ മലയാളി ബി.ജെ.പി വിരുദ്ധനാണെന്ന് വരുത്തിത്തീര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും മറുനാടന്‍ വേട്ടയ്ക്ക് ഇറക്കുകയായിരുന്നു സി.പി.എം ലക്‌ഷ്യം. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇ.ഡിയുടെ അന്വേഷണം ഷാജന്‍ സ്കറിയാക്കെതിരെ ഉണ്ടായതും ഇതിന്റെ ഫലമായിട്ടാണ്. മറുനാടന്‍ മലയാളി മാത്രമാണ് അജിത്ത‌് ഡോവലിനെതിരെ വാര്‍ത്ത ചെയ്തതെന്ന് സി.പി.എം സൈബര്‍ പോരാളികള്‍ വരുത്തിത്തീര്‍ക്കുകയും ചെയ്തു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പൂര്‍ണ്ണരൂപം താഴെ…
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ‌്തനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത്ത‌് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ കള്ളപ്പണം വെളുപ്പിച്ചതായി ആക്ഷേപം. പ്രധാനകള്ളപ്പണ കേന്ദ്രമായ കേമാൻ ദ്വീപിൽ പ്രവർത്തിക്കുന്ന വിവേക‌് ഡോവലിന്റെ ‘ജിഎൻവൈ ഏഷ്യ’ എന്ന ഹെഡ‌്ജ‌് ഫണ്ട‌് സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ‌് ആരോപണം.
—
പ്രധാനമന്ത്രി 2016 നവംബർ എട്ടിന‌് കറൻസി പിൻവലിക്കൽ പ്രഖ്യാപനം നടത്തി 13 ദിവസങ്ങൾക്കകമാണ‌് വിവേക‌് ഡോവൽ ഹെഡ‌്ജ‌് ഫണ്ട‌് സ്ഥാപനത്തിന‌് തുടക്കമിട്ടത‌്. ഈ സ്ഥാപനത്തിലൂടെ കോടിക്കണക്കിന‌് രൂപ നേരിട്ടുള്ള വിദേശ നിക്ഷേപത്തി(എഫ‌്ഡിഐ) ന്റെ രൂപത്തിൽ ഇന്ത്യയിലേക്ക‌് ഒഴുകി. 2000 മുതൽ 2017 വരെ കേമാൻ ദ്വീപിൽ നിന്നുള്ള എഫ‌്ഡിഐയുടെ വരവ‌് 8300 കോടി രൂപ മാത്രമായിരുന്നു. എന്നാൽ കറൻസി പിൻവലിക്കലിന‌് ശേഷമുള്ള ഒരൊറ്റ വർഷം മാത്രമായി എണ്ണായിരം കോടിയിലേറെ രൂപ എത്തി. വൻതോതിൽ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം കേമാൻ ദ്വീപിലൂടെ എഫ‌്ഡിഐയായി തിരികെ ഒഴുക്കിയതായാണ‌് വിലയിരുത്തൽ. കേമാൻ ദ്വീപ‌് വഴി എത്തിയ എഫ‌്ഡിഐയുടെ സ്രോതസ്സ‌് വെളിപ്പെടുത്താൻ റിസർവ‌് ബാങ്ക‌് തയ്യാറാകണമെന്ന‌് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. 2011 ൽ അജിത്ത‌് ഡോവൽ ഉൾപ്പെടുന്ന സംഘം ബിജെപിക്ക‌് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ കേമാൻ ദ്വീപ‌് അടക്കമുള്ളവ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളായാണ‌് വിലയിരുത്തുന്നത‌്.
വ്യക്തികളിൽ നിന്ന‌് നിക്ഷേപം സ്വീകരിച്ച‌് റിയൽ എസ‌്റ്റേറ്റ‌്, ഓഹരി, സ്വർണം തുടങ്ങി വിവിധ സ്വത്തുക്കളിൽ നിക്ഷേപിക്കുന്ന സ്ഥാപനമാണ‌് ഹെഡ‌്ജ‌് ഫണ്ട‌്. ബ്രിട്ടീഷ‌് പൗരത്വം നേടിയ വിജയ‌് ഡോവൽ സിംഗപ്പുരിലാണ‌് താമസം. ഡോവലിന‌് പുറമെ ഗൾഫ‌് പ്രമുഖനായ മുഹമദ‌് അൽത്താഫ‌് മുസലിയാം, ഡോൺ ഡബ്ല്യു ഇബാങ്ക‌്സ‌് എന്നിവരും ജിഎൻവൈ ഏഷ്യയുടെ ഡയറക്ടർമാരാണ‌്. ഇതിൽ ഇബാങ്ക‌്സ‌് ലോകത്തെ കള്ളപ്പണം നിക്ഷേപം വിശദമാക്കിയുള്ള പാനമ പേപ്പറുകളിലും മറ്റും പേരുൾപ്പെട്ട വ്യക്തിയാണ‌്.
അജിത്ത് ഡോവലിന്റെ മൂത്ത മകനും ബിജെപി നേതാവുമായ ശൗര്യ ഡോവലിന്റെ ബിസിനസ‌് സ്ഥാപനങ്ങളും വിജയ‌് ഡോവലിന്റെ ജിഎൻവൈ ഏഷ്യ എന്ന സ്ഥാപനവും തമ്മിൽ ബന്ധം ഉള്ളതായും തെളിഞ്ഞിട്ടുണ്ട‌്. മുതിർന്ന ബിജെപി നേതാവ‌് രാം മാധവും മറ്റും നേതൃത്വം നൽകുന്ന ഇന്ത്യാ ഫൗണ്ടേഷൻ എന്ന എൻജി സംഘടനയ‌്ക്ക‌് നേതൃത്വം നൽകുന്നത‌് അജിത്ത‌് ഡോവലാണ‌്. അടുത്തയിടെ ബിജെപിയുടെ ഉത്തരാഖണ്ഡ‌് നിർവാഹക സമിതി യോഗത്തിൽ അജിത്ത‌് ഡോവൽ പങ്കെടുത്തിരുന്നു. വിജയ‌് ഡോവലിന്റെ കേമാൻ ദ്വീപ‌് ബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന‌് കോൺഗ്രസ‌് വക്താവ‌് ജയ‌്റാം രമേശ‌് ആവശ്യപ്പെട്ടു.