മുംബൈ: എൻ.സി.പിക്ക് ശിവസേനയുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ബി.ജെ.പിയിൽ ചേരുന്നതിന് എന്താണ് തടസ്സമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. എൻ.സി.പിയെ പിളർത്തി ഭരണപക്ഷത്തുചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താൻ ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് മാറ്റം അനിവാര്യമാണ്. പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ്. ഇപ്പോൾ ഞങ്ങളും ആ പരിശ്രമത്തിന്റെ ഭാഗമായി. 1984 മുതൽ ഇത്രയും നേതൃശക്തിയുള്ള മറ്റൊരു നേതാവിനെയും ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ ഒമ്പതു വർഷമായി മോദി ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയാണ്. വിദേശരാജ്യങ്ങളിൽ പോലും അദ്ദേഹത്തിന് വലിയ ജനപ്രീതിയുണ്ട്. അദ്ദേഹത്തിന്റെ പാതയിൽ ചേരുകയാണ് പ്രധാനം.- അജിത് പവാർ പറഞ്ഞു. ഇതാദ്യമായല്ല, അജിത് പവാർ മോദിയെ പ്രശംസിക്കുന്നത്. മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് നിന്ന് രാജിവെച്ചതായും അദ്ദേഹം അറിയിച്ചു.
ഛഗൻ ഭുജ്പാൽ ഹൗസിൽ നിന്നാണ് എൻ.സി.പി രൂപംകൊണ്ടത്. ഞങ്ങൾ പാർട്ടിയെ മുന്നോട്ട് നടത്തി. പുതിയ മാറ്റങ്ങൾ അനിവാര്യമാണ്. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ. വിമർശനങ്ങൾക്ക് മറുപടി പറയാനില്ല. മഹാരാഷ്ട്രയിലേക്ക് കേന്ദ്രഫണ്ട് എത്തണം. എൻ.സി.പിയിലെ ഭൂരിഭാഗം എം.എൽ.എമാരും എനിക്കൊപ്പമുണ്ട്.എല്ലാ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ എൻ.സി.പിയുടെ ചിഹ്നത്തിലും ബാനറിലും മത്സരിക്കും. -അജിത് പവാർ കൂട്ടിച്ചേർത്തു.
–
ഞായറാഴ്ച ഉച്ചയോടെയാണ് മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. രാവിലെ തന്നെ സ്വവസതയിയിൽ അജിത് പവാർ മുതിർന്ന എൻ.സി.പി എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു. അതു കഴിഞ്ഞയുടനാണ് ഭരണപക്ഷത്തേക്ക് കൂറുമാറിയത്. എല്ലാവരുടെയും ആശിർവാദത്തോടെയാണ് താൻ കൂറുമാറിയതെന്നും ശരദ് പവാറിന്റെ പേരെടുത്ത് പറയാതെ അജിത് പവാർ വ്യക്തമാക്കിയിരുന്നു.