തിരുവനന്തപുരം: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. അത് നശിപ്പിച്ചാൽ ഇന്ത്യ തകരും. ഈ ആശയവുമായി മുന്നോട്ട് പോയാൽ ഇന്ത്യയുടെ തകർച്ചയായിരിക്കും സംഭവിക്കുക. ഭരണാധികാരികൾ ഇത്തരം മണ്ടത്തരങ്ങൾക്ക് നിൽക്കരുതെന്നും ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അദ്ധ്യക്ഷന്‍. സമിതി വിഷയം പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭരണഘടനാ വിദഗ്ദ്ധരുമായും ഇവര്‍ ചര്‍ച്ച നടത്തും. അടുത്തവര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പും ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് പുതിയ നീക്കവുമായി കേന്ദ്രം എത്തുന്നത്.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണ് ഉദ്ദേശം. പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചത്. അതേസമയം സമിതിയില്‍ എത്രപേര്‍ ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ പിന്നാലെ നടത്തുമെന്നാണ് വിവരം.