തിരുവനന്തപുരം: ഗവർണറുടെ സമീപനത്തോട് കേരളത്തിലെ പൊതു സമൂഹത്തിന് പൊരുത്തപ്പെടാൻ ആവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലൻ. കണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയ വർഗ്ഗീസിൻറെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പറഞ്ഞിരുന്നു. കെകെ രാഗേഷിൻറെ ഭാര്യയായത് കൊണ്ട് മാത്രമാണ് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലാതിരുന്നിട്ടും കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ കഴിഞ്ഞത്. വിസി കോടതിയെ സമീപിക്കുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു.
കടുത്ത നടപടികളിലേക്ക് നീങ്ങിയ ഗവർണ്ണർക്കെതിരെ രാഷ്ട്രീയ, നിയമ പോരിനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പ്രിയ വർഗ്ഗീസിൻറെ നിയമന നീക്കം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിയെ കണ്ണൂർ വിസി ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. സര്‍വകലാശാല സിൻഡിക്കേറ്റ് വിസിയെ നിയമ നടപടിക്ക് ചുമതലപ്പെടുത്തി. ഗവർണറുടെ നടപടി സർവകലാശാലയുടെ സ്വയംഭരണത്തിന് എതിരാണെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി.
സർക്കാർ കക്ഷിയില്ലെന്ന പറയുന്പോഴും വിസിയെ പിന്തുണക്കുന്ന നിലപാടാണ് വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നും ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തണമെന്നും ഉച്ചയ്ക്ക് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിയമന നടപടി ഗവർണ്ണർ മരവിപ്പിച്ചതിനെതിരെ പ്രിയ വർഗ്ഗീസ് ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയാണ് നടപ്പിലായതെന്നും തന്റെ പേര് ചുരുക്കപ്പട്ടികയിൽ വന്നതു മുതൽ തുടങ്ങിയതാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. നീതി നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
ഗവർണ്ണർ മോദി ഭരണത്തിൻറെ ചട്ടുകമായി മാറിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചത്. പ്രതിപക്ഷനേതാവ് നിയമന വിവാദത്തിൽ ആരിഫ് മുഹമ്മദ് ഖാനൊപ്പമാണ്.