പാലക്കാട്: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലൻ. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. വീണ ഐജിഎസ്ടി ഒടുക്കിയതിന്റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോ. തെറ്റൊന്നു തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എ കെ ബാലൻ പറഞ്ഞു.