തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിക്കുന്നത് രാഷ്ട്രീയക്കളിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് പ്രതിപക്ഷം അവസാനിപ്പിക്കേണ്ടത്. കരിങ്കൊടി കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്നു. സുരക്ഷ ശക്തമാകുന്നത് മുഖ്യമന്ത്രിയെ തടയാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് കാരണമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പോലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മഞ്ഞ മാസ്ക്ക് പോലീസ് നൽകി.
അതേ സമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെയാണ് കരുതൽ തടങ്കലിലാക്കിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.