കണ്ണൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനെ തുടർന്ന് അതിസുരക്ഷ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കൽ പരിശോധന നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജയിലിലെ ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം. തൃശ്ശൂർ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയത്. മെഡിക്കൽ റിപ്പോർട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണ് ആകാശ്. ആകാശിന്റെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി ഇടപെടൽ. ആകാശിനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളെ തുടർന്നാണ് ജയിൽ അസിസ്റ്റന്റ് വാർഡനെ ആകാശ് തിലങ്കേരി മർദ്ദിച്ചത്. ഇതേ തുടർന്ന് ജയിൽ ഉദ്യോഗസ്ഥൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.