തിരുവനന്തപുരം: എ.കെ.ജി.സെൻറർ ആക്രമണക്കേസിലെ അന്വേഷണത്തെച്ചൊല്ലി വീണ്ടും സജീവമായി രാഷ്ട്രീയ വിവാദം. കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള യൂത്ത് കോണ്‍ഗ്രസുകാരിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതിനിടെ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്താൽ വെറുതെയിരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എ.കെ.ജി.സെൻറർ ആക്രണത്തിൻെറ ഗൂഡാലോചനക്കു പിന്നിൽ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ ആവർത്തിച്ചു.
കഴിഞ്ഞ രണ്ട് മാസം സൂചന പോലുമില്ലാതെ ഇരുട്ടിൽത്തപ്പിയതിന് ശേഷമാണ് കഴക്കൂട്ടം- മേനംകുളം കേന്ദ്രീകരിച്ചുള്ള യൂത്ത് കോണ്‍ഗ്രസുകാരിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടക്കുമ്പോള്‍ അതേ വിമാനത്തിൽ യാത്ര ചെയ്ത ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവിൻ്റെ സൂചന. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് സംശയം കനപ്പെട്ടത്.
നിർണായകമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈം ബ്രാഞ്ചിൻെറ ഉന്നത വൃത്തങ്ങള്‍ പറയുന്നത്. പക്ഷെ, തെളിവായി പൊലീസിന്റെ കൈയിലൊന്നുമില്ലെന്നതാണ് സ്ഥിതി. സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിൻ്റെ അനുയായിയായ, സ്കൂട്ടറിലെത്തിയ പടക്കമറിഞ്ഞുവെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ എല്ലാം നിഷേധിച്ചു.
ഉപയോഗിച്ച വാഹനം, നമ്പർ, സ്ഫോടക വസ്തു എന്നിവയുടെ വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിലെത്താനിരിക്കെ ചർച്ച വഴിതിരിക്കാനുള്ള നീക്കം പൊലീസിനെ ഉപയോഗിച്ച് നടത്തുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങളോടുള്ള കോൺഗ്രസ് പ്രതികരണം. വഴിവിട്ട നീക്കത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി.പൊലീസ് നേരത്തെ ചോദ്യം ചെയ്ത ദൃക്സാക്ഷി തലസ്ഥാനത്തെ മുൻ സിപിഎം കൗൺസിലറുടെ പേരാണ് പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കപ്പുറം പൊലീസിന് അന്വേഷണത്തിൽ എന്ത് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നതാണ് പ്രധാനം. പുതിയ തലത്തിലേക്ക് നീണ്ട അന്വേഷണം ഇനി എവിടെയെത്തുമെന്നതും നിർണായകം.