തിരുവനന്തപുരം : എകെജി സെൻറർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്കെത്താൻ കഴിയാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തതയില്ല.
സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെൻറിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം, ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.