കൊച്ചി: എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിലെ ഒന്നാംപ്രതി തിരുവനന്തപുരം ആറ്റിപ്ര കൃഷ്‌ണവിലാസത്തിൽ കണ്ണൻ എന്ന ജിതിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്ന് വിലയിരുത്തിയും അന്വേഷണത്തിന്‍റെ പേരിൽ പ്രതി കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയുമാണ് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂൺ 30ന് രാത്രി എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ സെപ്റ്റംബർ 22നാണ് ജിതിൻ അറസ്റ്റിലായത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യ വ്യവസ്ഥയിലുമാണ് ജാമ്യം.
കേസിൽ കുറ്റപത്രം നൽകുന്നതുവരെ ശനിയാഴ്ചകളിൽ രാവിലെ 11ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ ഹാജരാകണം, പാസ്പോർട്ട് ഉണ്ടെങ്കിൽ ജാമ്യത്തിലിറങ്ങി ഏഴുദിവസത്തിനകം കോടതിയിൽ ഹാജരാക്കണം, മുൻകൂർ അനുമതിയില്ലാതെ തിരുവനന്തപുരം ജില്ല വിട്ടുപോകരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നാലു പ്രതികളുള്ള കേസിൽ മൂന്നാംപ്രതി വിദേശത്താണെന്നും മറ്റു രണ്ടുപ്രതികൾ ഒളിവിലാണെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ ജിതിന് ജാമ്യം നൽകുന്നതിനെ എതിർക്കുകയും ചെയ്തു.