തിരുവനന്തപുരം : എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. നാടൻ പടക്കിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം.
അതേസമയം, എകെജി സെന്റർ ആക്രമണം നടന്ന് ആറ് ദിവസത്തിലേക്കെത്തുമ്പോഴും പ്രതിയെ കുറിച്ച് ഒരു വിവരവും പൊലീസില്‍ ലഭിച്ചിട്ടില്ല. മൂന്ന് ടവറുകളിലായി സംഭവ ദിവസത്തെ ആയിരത്തിലേറെ കാളുകളും 50 ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവെന്നും കിട്ടിയില്ല. എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്.
കേരളമാകെ വലിയ ചർച്ചയായ കേസ്. പിന്നിൽ കോൺഗ്രസ് എന്ന് മുതിർന്ന സിപിഎം നേതാക്കൾ ആക്ഷേപിച്ച കേസ്. സംഭവം നടന്നത് തലസ്ഥാന നഗരത്തിൻറെ മധ്യത്തിൽ. പക്ഷെ ഇതുവരെ പൊലീസ് ഇരുട്ടിൽ തന്നെ. പ്രശ്നങ്ങൾ പലതാണ്. എകെജി സെൻ്ററിൻ്റെ സിസിടിവിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമാണ് എന്നതാണ് പ്രധാന പ്രശ്നം. പ്രതി വന്ന വാഹനത്തിൻ്റെ നമ്പർ പോലും തിരിച്ചറിയാനായില്ല. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആർക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എകെജി സെൻ്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമില്ല.