തിരുവനന്തപുരം : എകെജി സെന്റർ ആക്രമണം നടന്ന് ആറ് ദിവസത്തിലേക്കെത്തുമ്പോഴും പ്രതിയെ കുറിച്ച് ഒരു വിവരവും ഇല്ലാതെ പോലീസ്. മൂന്ന് ടവറുകളിലായി സംഭവ ദിവസത്തെ ആയിരത്തിലേറെ കാളുകളും 50 ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവെന്നും കിട്ടിയില്ല. എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്.
കേരളമാകെ വലിയ ചർച്ചയായ കേസ്. പിന്നിൽ കോൺഗ്രസ് എന്ന് മുതിർന്ന സിപിഎം നേതാക്കൾ ആക്ഷേപിച്ച കേസ്. സംഭവം നടന്നത് തലസ്ഥാന നഗരത്തിൻറെ മധ്യത്തിൽ. പക്ഷെ ഇതുവരെ പോലീസ് ഇരുട്ടിൽ തന്നെ. പ്രശ്നങ്ങൾ പലതാണ്. എകെജി സെൻ്ററിൻ്റെ സിസിടിവിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമാണ് എന്നതാണ് പ്രധാന പ്രശ്നം. പ്രതി വന്ന വാഹനത്തിൻ്റെ നമ്പർ പോലും തിരിച്ചറിയാനായില്ല. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആർക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എകെജി സെൻ്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമില്ല.
രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്. അപ്പോൾ ആരാണ് പിന്നിൽ, ഇനി എങ്ങിനെ കണ്ടെത്തുമെന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും കൂളായി കടന്നുപോയ പ്രതിയെ കിട്ടാത്തത് പൊലീസിന് മാത്രമല്ല സർക്കാറിനാകെ വലിയ നാണക്കേടാണ്.
പിടി കിട്ടാത്തതാണോ അതോ പിടികൂടാത്തതാണോ എന്നും വ്യക്തമല്ല. പ്രതിപക്ഷ ആരോപണം പോലെ സിപിഎം ബന്ധമുള്ള ആരെങ്കിലുമായത് കൊണ്ടാണ് അന്വേഷണത്തിലെ ഇഴഞ്ഞുനീങ്ങൽ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കാവലുണ്ടായിട്ടും നടന്ന അക്രമത്തിലെ പോലീസ് വീഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആ വഴിക്ക് ഒരു നടപടിയും ഇതുവരെ ആയിട്ടില്ല.