മുംബൈ> ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് ഉദ്ദവ് താക്കറെ. തെരഞ്ഞെടുപ്പ് കമീഷൻ നരേന്ദ്ര മോദിയുടെ അടിമയായെന്ന് ഉദ്ദവ് പറഞ്ഞു. ഇതുവരെയില്ലാത്ത നടപടിയാണ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശനിയാഴ്‌ച വസതിക്കു പുറത്ത് പാർടി പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് ഉദ്ദവ് പറഞ്ഞു.
‘ശിവസേനയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മോഷ്ടിച്ച കള്ളനെ ഒരു പാഠം പഠിപ്പിക്കണം. പ്രവർത്തകർ പ്രകോപിതരാകാതെ അടുത്ത മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിനായി ഒരുങ്ങണം’– ഉദ്ദവ് ആഹ്വാനം ചെയ്‌തു. 1966ൽ ശിവസേന സ്ഥാപിക്കപ്പെട്ടശേഷം ആദ്യമായാണ് താക്കറെ കുടുംബത്തിന് പാർടിയിലെ ആധിപത്യം നഷ്ടമാകുന്നത്.