റിയാദ്: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കയുടെ പ്രഖ്യാപനം സ്വാഗതം ചെയ്‍ത് സൗദി അറേബ്യ. ചൊവ്വാഴ്‍ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ‘അമേരിക്കയിലും സൗദി അറേബ്യയിലും ലോകത്തെ മറ്റ് നിരവധി രാജ്യങ്ങളിലും ക്രൂരമായ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും അവ നടപ്പാക്കുകയും ചെയ്‍ത തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നേതാവായാണ് സവാഹിരിയെ കണക്കാക്കുന്നതെന്ന്’ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
‘സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും വിവിധ മതവിശ്വാസികളുമായ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളെയാണ് തീവ്രവാദ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയതെന്നും’ സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തീവ്രവാദം തടയാനും തുടച്ചുനീക്കാനും അന്താരാഷ്‍ട്ര സഹകരണവും ശക്തമായ നടപടികളും വേണ്ടതിന്റെ ആവശ്യകതയ്ക്ക് സൗദി അറേബ്യ ഊന്നല്‍ നല്‍കുന്നു. തീവ്രവാദ സംഘടനകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരസ്‍പരം സഹകരിക്കണമെന്നും സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അയ്മൻ അൽ സവാഹിരിയെ അഫ്‍ഗാനിസ്ഥാനില്‍ വ്യോമ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സി.ഐ.എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലായിരുന്നു അയ്മൻ അൽ സവാഹിരിയുടെ അന്ത്യമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്നു സവാഹിരി.
അഫ്‍ഗാനിലെ രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ അമേരിക്കയുടെ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നുവെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ആക്രമണം നടന്നതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെടുകയായിരുന്നു.