കണ്ണൂർ: പാർട്ടി വിട്ട സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്റുമായ മനു തോമസിന് പി.ജയരാജന്റെ മകൻ ജെയിൻ രാജിന്റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പരാമർശത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ക്വട്ടേഷൻ സംഘവുമായി ജെയിൻ രാജിന് ബന്ധമുണ്ടെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു മനുവിന്റെ പരാമർശം. ക്വട്ടേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജെയിൻ ആണെന്നും മനു ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ജെയിൻ തള്ളി.
വിദേശത്ത് മാന്യമായ ജോലി ചെയ്ത് ജീവിക്കുകയാണെന്നും തന്നെ അപകീർത്തിപ്പെടുത്താനും ശ്രമമാണിതെന്നുമായിരുന്നു ജെയിന്റെ മറുപടി. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് പൊതുസമൂഹത്തിന് മുന്നിൽ അച്ഛനെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റെഡ് ആർമി പേജിന്റെ അഡ്മിൻ താനല്ലെന്നും ജെയിൻ വ്യക്തമാക്കി. ആരോപണങ്ങളിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും അല്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ജെയിൻ ആവശ്യപ്പെട്ടത്.