കോഴിക്കോട്: ചെറിയ പ്രശ്നങ്ങൾ പോലും അക്രമത്തിലേക്കും കൊലപാതകത്തിലേക്കുവരെ മാറുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗതത്. നിരത്തുകൾ പോർക്കളങ്ങളല്ല അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരള പൊലീസ് ഫേസ് ബുക്ക് പേജിലിട്ട കുറിപ്പിൽ പറയുന്നു. ഒപ്പം നിരത്ത് മത്സരവേദിയല്ല, സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക. വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും. മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളും പൊലീസ് മുന്നോട്ട് വെക്കുന്നു.
കുറിപ്പ് പൂർണ രൂപത്തിൽ:
നിരത്തുകൾ പോർക്കളങ്ങളല്ല. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. (Sudden violent anger provoked in a motorist by the actions of another driver).
നിരന്തരമായി ഹോൺ മുഴക്കിയതിനെച്ചൊല്ലിയോ ഓവർടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളിൽ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളിൽ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു.
ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങൾ ഒഴിവാക്കുന്നതിനുപകരംഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്.
📌 നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
📌 വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
📌 മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
📌ആവശ്യക്കാരെ കടത്തിവിടുക.
📌 അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക.
📌 മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
📌 ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ കൃത്യമായ ട്രാക്കുകൾ പാലിച്ചുമാത്രം വാഹനമോടിക്കുക.
📌 അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ നിരത്തിൽ ഒഴിവാക്കുക.
നിരത്തുകളിൽ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.