ആലപ്പുഴ: ഉത്സവാന്തരീക്ഷം പകർന്ന് നഗരത്തെ ഇളക്കിമറിച്ച സാംസ്കാരിക ഘോഷയാത്ര ജലപൂരത്തിെൻറ ആവേശത്തിരയായി. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടയിൽ നടക്കുന്ന 69ാമത് നെഹ്റു ട്രോഫി വെള്ളംകളിയെ വരവേൽക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്നും നഗരചത്വരം വരെ നടന്ന ഘോഷയാത്രയിൽ വിദ്യാർഥികളും സ്ത്രീകളുമടക്കം ആയിരങ്ങൾ കണ്ണികളായി. വാദ്യമേളങ്ങളും കൊട്ടും കുരവയുമായി വീഥികൾ നിറഞ്ഞതോടെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആടിത്തിമിർത്തു. മുന്നിലായി അണിനിരന്നത് വിദ്യാർഥികളുടെ റോളർ സ്കേറ്റിങ് കലാപ്രകടനമായിരുന്നു. തൊട്ടുപിന്നാലെ കുതിരയും പഞ്ചവാദ്യവുമെത്തി. ചെണ്ടമേളവും ബാൻഡുമേളവും ശിങ്കാരിമേളവും ആവേശം ഇരട്ടിയാക്കി.
വനിതകളുടെ ശിങ്കാരിമേളവും കാവടിയും വിവിധ വർണബലൂണുകളും മുത്തുക്കുടകളും കാഴ്ചകൾക്ക് മികവേകി. തെയ്യം, മയിലാട്ടം, അമ്മന്‍കുടം, പുരാണ വേഷങ്ങള്‍, കൊട്ടക്കാവടി, അമ്മന്‍കുടം എന്നിവയുമുണ്ടായിരുന്നു. തലയിൽ നിലവിളക്ക് കത്തിച്ച് ആടിത്തിമിർത്ത വനിതക്ക് പിന്നിലായി വനിതകൾ കൊട്ടിക്കയറിയ ശിങ്കാരിമേളവും കത്തുന്ന മണിപ്പൂരിന് പരിഹാരംതേടി കുട്ടികൾ തുഴഞ്ഞെത്തിയ വള്ളവും വേറിട്ടതായി. കുടുംബശ്രീ, ഹരിതകർമ സേന അംഗങ്ങളും പങ്കാളികളായി.
ലിയോ തേർട്ടീൻത് കാളാത്ത്, ലീയോതേർട്ടീൻത് എച്ച്.എസ്.എസ് ആലപ്പുഴ, ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്.എസ്.എസ് ആലപ്പുഴ, സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസ്, സെന്റ് ആന്റണീസ് ഹൈസ്കൂൾ, തുമ്പോളി സെന്റ് തോമസ് ഹൈസ്കൂൾ, ഗവ. മുഹമ്മദൻസ് ഗേൾഡ് എച്ച്.എസ്.എസ്, തുമ്പോളി മാത സീനിയർ സെക്കൻഡറി സ്കൂൾ, ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ്, ആര്യാട് ഗവ. വി.എച്ച്.എസ്.എസ്, തിരുമ്പാടി ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ, എസ്.ഡി.വി ഇ.എം.എച്ച്.എസ്.എസ്, തത്തംപള്ളി സെന്റ് മൈക്കിൾസ് തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികൾ അണിനിരന്നു. ചില സ്കൂളുകളിലെ വിദ്യാർഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പങ്കാളികളായത്.
ഇ.എം.എസ് സ്റ്റേഡിയത്തിൽ കലക്ടർ ഹരിത വി. കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, മുൻ അധ്യക്ഷ സൗമ്യ രാജ്, കൗൺസിലർമാരായ എം.ജി. സതീദേവി, നസീർ പുന്നക്കൽ, എ.എസ്. കവിത, എം.ആർ. പ്രേം, ആർ. വിനിത, ബിന്ദു തോമസ്, ബി. നസീർ തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ചുനാൾ നീളുന്ന നഗരസഭയുടെ സാംസ്കാരിക ഉത്സവത്തിെൻറ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കലക്ടർ ഹരിത വി. കുമാർ, എ.ഡി.എം സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.