ആലപ്പുഴ: കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലംവള്ളികളിയിൽ ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ ജേതാക്കളായി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബിന്റെ കരുത്തിൽ ആവേശത്തുഴയെറിഞ്ഞാണ് രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ വ്യാത്യാസത്തിൽ കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. ചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനാണ് മൂന്നാംസ്ഥാനം.
ചുണ്ടൻവള്ളങ്ങളുടെ മൂന്നാംഹീറ്റ്സ് മത്സരത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഏറെവൈകിയാണ് ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നത്. ലൂസേഴ്സ് ഫൈനലിൽ സെന്റ് ജോർജ് ചുണ്ടൻ (സെന്റ് ജോർജ് ചുണ്ടൻ വള്ളസമിതി) വിജയിച്ചു. ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ (യു.ബി.സി കൈനകരി) രണ്ടും ചെറുതന ചുണ്ടൻ (ജീസസ് ബോട്ട്ക്ലബ് കൊല്ലം) മൂന്നുംസ്ഥാനം നേടി. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ വി.ബി.സി വൈശ്യംഭാഗം ബോട്ട്ക്ലബ് തുഴഞ്ഞ പുന്നത്ര പുരയ്ക്കൽ വിജയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ മൂന്നാംഹീറ്റ്സിലുണ്ടായ തർക്കവും വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ വള്ളങ്ങൾ മുങ്ങിയതും മത്സരക്രമത്തെ താളം തെളിച്ചു.
തർക്കത്തിനൊടുവിൽ ചുണ്ടൻവള്ളങ്ങളുടെ മൂന്നാംഹീറ്റ്സ് മത്സരം വീണ്ടും നടത്തി. രണ്ടുതവണയും ഒന്നാമതെത്തിയത് ആയാപറമ്പ് വലിയദിവാൻജി ചുണ്ടനായിരുന്നു. മൂന്നാംഹീറ്റ്സിൽ സെൻറ് ജോർജ് ചുണ്ടനായിരുന്നു എതിരാളി. ട്രാക്ക് മാറി വന്നതിനൊപ്പം പാലത്തിന്റെ വളവ് തിരിഞ്ഞെത്തിയപ്പോൾ ഇരുവള്ളങ്ങളും കൂട്ടിയിടിച്ചുവെന്ന പരാതിയിലാണ് വീണ്ടും മത്സരം നടത്തിയത്. രണ്ടാംതവണയും വിജയം വലിയദിവാൻജിക്കൊപ്പം നിന്നു. ഒന്നാം ഹീറ്റ്സിൽ ആയാപറമ്പ് പാണ്ടി പുത്തൻചുണ്ടനെ പരാജയപ്പെടുത്തി നടുഭാഗം ചുണ്ടനും രണ്ടാം ഹീറ്റ്സിൽ ചെറുതന ചുണ്ടനെ പിന്നിലാക്കി നടുഭാഗം ചുണ്ടനും വിജയിച്ചു.വെപ്പ് ബി ഗ്രേഡ് ഫൈനലിൽ മത്സരിച്ച രണ്ടുവള്ളങ്ങളും മുങ്ങി.
വി.ബി.സി വൈശ്യംഭാഗം ബോട്ട്ക്ലബ് തുഴഞ്ഞ പുന്നത്ര പുരയ്ക്കലും മഹാത്മ മേൽപാടം ബോട്ട് ക്ലബിന്റെ പി.ജി. കരിപ്പുഴയുമാണ് മുങ്ങിയത്. പി.ജി. കരിപ്പുഴ ഫിനിഷിങ് പോയന്റ് എത്തുന്നതിന് മുമ്പാണ് മുങ്ങിയത്. പുന്നത്ര പുരയ്ക്കൽ വിജയിച്ച ശേഷവും. വൈകീട്ട് 5.10നായിരുന്നു സംഭവം. തുടർന്ന് സമീപത്തെ വള്ളത്തിലും സ്പീഡ് ബോട്ടിലുമുണ്ടായിരുന്നവരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് മറിഞ്ഞ വള്ളത്തിലുള്ളവരെ രക്ഷിച്ചത്. ജലമേളയുടെ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലകലക്ടർ അലക്സ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, ജനറൽ കൺവീനർ പി.വി. ജയേഷ്, ജോസ് കാവനാട്, എ.വി. മുരളി എന്നിവർ സംസാരിച്ചു.