അമ്പലപ്പുഴ: നാഗ്പൂരിൽ മരിച്ച ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കും. സൈക്കിൾ പോളോ അസോ. ഇതിനായി 25 ലക്ഷം രൂപ നൽകും. സംസ്ഥാന സർക്കാറിന്റെ ധനസഹായമായി അഞ്ചുലക്ഷം രൂപ മേയ് മാസത്തിൽ മന്ത്രി പി. പ്രസാദ് വീട്ടിലെത്തി കൈമാറിയിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം സുഹ്റ മൻസിൽ ഷിഹാബുദ്ദീൻ – അൻസില ദമ്പതികളുടെ മകൾ നിദ ഫാത്തിമ (10) 2022 ഡിസംബർ 22നാണ് നാഗ്പൂരിൽ മരിച്ചത്. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയായിരുന്നു. അമ്പലപ്പുഴ ഗവ. മോഡൽ സ്കൂളിൽ സൈക്കിൾ പോളോ പരിശീലിച്ചിരുന്ന നിദ, നിരവധി നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പരിശീലകനൊപ്പം നാഗ്പൂരിലെത്തിയത്. മത്സര സ്ഥലത്തിന് സമീപത്തെ കടയിൽനിന്ന് ഭക്ഷണംകഴിച്ച് താമസസ്ഥലത്ത് മടങ്ങിയെത്തിയ നിദക്ക് രാത്രിയിൽ കടുത്ത ഛർദിയുണ്ടായി. സമീപത്തെ കൃഷ്ണ ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പെടുത്തു. തുടർന്ന് നില വഷളായി. അങ്ങനെയായിരുന്നു മരണം.
എച്ച്. സലാം എം.എൽ.എ ചെയർമാനും അസോ. സംസ്ഥാന പ്രസിഡന്റ് കരമന ഹരി വൈസ് ചെയർമാനുമായ നിർമാണ കമ്മിറ്റിക്ക് രൂപംനൽകി. ഇതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കരമന ഹരി അധ്യക്ഷനായി. ഇത്തവണത്തെ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് നിദ ഫാത്തിമയുടെ സ്മരണാർഥം ആലപ്പുഴയിൽ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
എച്ച്. സലാം എം.എൽ.എ, അസോ. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, സെക്രട്ടറി ഇ.കെ. റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അസോ. ജോയന്റ് സെക്രട്ടറിമാരായ എം.എ. തോമസ്, ജിതിൻ രാജ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എ.എം.കെ നിസാർ, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. അനിത, അസോ. ജില്ല പ്രസിഡന്റ് ജയകുമാർ, പഞ്ചായത്ത് ആംഗം യു.എം. കബീർ, അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.