അമ്പലപ്പുഴ: കെട്ടിടനിര്‍മാണ സ്ഥലങ്ങളില്‍ വില കുറച്ച് സിമന്റ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. കൊല്ലം ചിതറ പഞ്ചായത്ത് ഏഴാം വാര്‍ഡ് മടത്തറ കാര്യറമുറിയില്‍ പറയാട്ട് (കൃഷ്ണാലയം) വീട്ടില്‍ അഖിലിനെ (34) യാണ് അമ്പലപ്പുഴ എസ്എച്ച്ഒ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വളഞ്ഞവഴി സ്വദേശി ഷംഷാദിന്റെ വീടുപണി നടക്കുന്നിടത്ത് എത്തിയ അഖില്‍ രാംകോ സിമന്റിന്റെ സെയില്‍സ് എക്സിക്യൂട്ടീവാണെന്ന് വിശ്വസിപ്പിച്ച് മാര്‍ക്കറ്റ് വിലയേക്കാള്‍ 50 രൂപ കുറച്ച് സിമന്റ് എത്തിക്കാമെന്നും സിമന്റ് വന്നതിനുശേഷം പണം ഗൂഗിള്‍ പേ ചെയ്താല്‍ മിതിയെന്നും പറഞ്ഞു.
ഷംഷാദ് 100 ചാക്ക് സിമന്റ് ഓര്‍ഡര്‍ ചെയ്തു. സിമന്റ് എത്തിച്ചെങ്കിലും വേരൊരു വീട്ടിലേക്കുള്ളതാണെന്ന് പറഞ്ഞ് ലോഡ് ഇറക്കിയില്ല. ഇവിടേക്കുള്ള സിമന്റ് ഉടന്‍ വരുമെന്ന് വിശ്വസിപ്പിച്ച് 32,000 രൂപ ഗൂഗിള്‍ പേവഴി വാങ്ങി മുങ്ങി. ഷംഷാദിന്റെ പരാതിയില്‍ ചേര്‍ത്തലയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഖില്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.