ആലപ്പുഴ∙ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി മുന്‍മന്ത്രി ജി.സുധാകരന്റെ ഫെയ്സ്ബുക് പോസ്റ്റ്. വഴിയരികിലെ ഫ്ലക്സല്ല ജനഹൃദയങ്ങളിലെ സ്ഥാനമാണ് പ്രധാനം. ചരിത്രനിരാസം ചിലര്‍ക്ക് ഇഷ്ടപ്പെട്ട മാനസികവ്യാപാരമാണെന്നും സുധാകരന്‍ പ്രതികരിച്ചു. കെ.കെ.ശൈലജയെയും കെ.സി.വേണുഗോപാലിനെയും ഒഴിവാക്കിയതിനെയും സുധാകരന്‍ വിമര്‍ശിച്ചു.
‘‘മെഡിക്കൽ കോളജിനായി പ്രവര്‍ത്തിച്ച ചിലരെ പരിപാടിയില്‍ നിന്നും ഒഴിവാക്കി (കെ.എസി.വേണുഗോപാല്‍) എന്ന് മാധ്യമങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ശൈലജയെയും ഉള്‍പ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ എനിക്ക് പരിഭവമില്ല. ജനോപകാരമായ സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണുള്ളത്.
ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം’’.– സുധാകരൻ കുറിച്ചു.