ആലപ്പുഴ : വിജയാ പാർക്കിനു സമീപം ബീച്ചിനോട് ചേർന്നു നിർമാണത്തിലിരിക്കുന്ന ദേശീയപാത ഗർഡർ തകർന്നു വീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപാലത്തിന്റെ കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗർഡർ തകർന്നു വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം ഷെഡിൽ തൊഴിലാളികൾ ഇല്ലാതിരുന്ന സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം. പില്ലർ നമ്പർ 17നും 18നും ഇടയിലെ നാലു ഗർഡറുകൾ പൂർണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ഈ പില്ലറിനു താഴെ കുട്ടികൾ സ്ഥിരമായി കളിക്കാറുണ്ട് എന്നാണ് പ്രദേശ വാസികൾ പറയുന്നത്.