ആലപ്പുഴ: ക്ഷീര കാര്‍ഷിക മേഖലയ്ക്ക് മുതൽക്കൂട്ടാവാൻ ആലപ്പുഴ ജില്ലയിലെ ആദ്യ കിടാരി പാര്‍ക്ക്. കര്‍ഷകര്‍ക്കും ക്ഷീരമേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി ഗുണമേന്മയുള്ള പശുക്കളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പാണ് കിടാരി പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്.
മേയിൽ കോടംന്തുരുത്ത് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കിടാരി പാര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 30 കിടാരികളെയാണ് വളര്‍ത്തുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി ആഗസ്റ്റ് 31നകം 20 കിടാരികളെ കൂടി പാര്‍ക്കിലേക്ക് എത്തിക്കും. അഞ്ചുവര്‍ഷ പരിപാലന കാലാവധിയുള്ള പാര്‍ക്കിന്‍റെ നടത്തിപ്പിനായി ക്ഷീര വികസന വകുപ്പ് സബ്‌സിഡിയായി ഒന്‍പത് ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ നല്‍കേണ്ട ആറ് ലക്ഷം രൂപയും ഉള്‍പ്പെടെ മൊത്തം 15 ലക്ഷം രൂപയുടെ സബ്സിഡി പദ്ധതി വഴി ലഭിക്കും.
ക്ഷീരകര്‍ഷകയായ കുത്തിയതോട് പഞ്ചായത്ത് ദേവസ്വംതറവീട്ടില്‍ ബ്രിസ്സ് മോളാണ് ജില്ലയിലെ ആദ്യ കിടാരി പാര്‍ക്ക് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളോടും കൂടി രോഗപ്രതിരോധശേഷിയും പാലുല്‍പാദന ശേഷിയുമുള്ള മികച്ച ഇനം കിടാരിളെയാണ് ഇവിടെ വളര്‍ത്തുന്നത്. അതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും വിശ്വസിച്ചു വാങ്ങാം.
പാല്‍ ഉല്‍പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. പശുക്കള്‍ക്കും കിടാരികള്‍ക്കും ഇന്‍ഷുറന്‍സ്, വാങ്ങുന്ന സമയത്ത് ഹെല്‍ത്ത് ആന്റ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇവിടെ ഉറപ്പാക്കും.
കിടാരി പാര്‍ക്കില്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കുന്ന പശുക്കളെ ക്ഷീരവികസന വകുപ്പിന്‍റെ അറിവോടുകൂടി മികച്ച നിലവാരം ഉറപ്പാക്കി മാത്രമേ കൈമാറ്റം ചെയ്യുകയുള്ളൂ. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ക്ഷീരകര്‍ഷകര്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുമ്പോള്‍ നേരിടേണ്ടിവരുന്ന ഇടനിലക്കാരുടെ ചൂഷണം ഈ പദ്ധതി വഴി ഒഴിവാക്കാന്‍ സാധിക്കുമെന്ന് പട്ടണക്കാട് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. പി സതീഷ് പറഞ്ഞു.