ആലപ്പുഴ : നഗരസഭയില്‍ വ്യാജരേഖകള്‍ ചമച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതില്‍ പൊലീസ് കേസെടുത്തു. ആദ്യം തട്ടിപ്പ് കണ്ടെത്തിയ രണ്ട് കെട്ടിട ഉടമകളെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഗരസഭ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ടെന്നാണ് പ്രാഥമിക നിഗമനം. നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസ് പിടിച്ചെടുത്തു.കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് തട്ടിപ്പ് റാക്കറ്റ് നമ്പര്‍ നല്‍കിയതായും വിവരം ലഭിച്ചു. 2018 ലെ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് തട്ടിപ്പ് നടന്നത്.
നികുതി അസസ്മെന്‍റ് രജിസ്റ്ററിന്‍റെ പരിശോധനിയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. റവന്യൂ സൂപ്രണ്ടിന്‍റേതല്ലാത്ത ഒപ്പും കൈയക്ഷരങ്ങളും രജിസ്റ്ററിൽ കണ്ടെത്തി. മുല്ലയ്ക്കല്‍ വാര്‍ഡിലെ ആറ് മുറികളടങ്ങിയ കെട്ടിടത്തിനാണ് നമ്പറിട്ടത്. മറ്റൊരു അപേക്ഷയുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ഇതിനായി ഫയലുണ്ടാക്കിയത്. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടെന്നാണ് നിഗമനമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു. രേഖകളുടെ പകർപ് ലഭിച്ചു. മുല്ലയ്ക്കല്‍ വാര്‍ഡില്‍ നൗഷാദ്, സക്കീർ ഹുസൈന്‍, ഷൗക്കത്ത് എന്നിവരുടെ പേരിലുള്ള കെട്ടിടങ്ങള്‍ക്കാണ് അനധികൃതമായി നമ്പര്‍ നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് നടന്നത് എങ്ങനെയെന്ന് വ്യക്തമായി. കെട്ടിട ഉടമസ്ഥർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തപാൽ വിഭാഗത്തില്‍ നിന്ന് ഒരേപക്ഷയുടെ നന്പര്‍ ആദ്യം സംഘടിപ്പിച്ചു. ഈ നമ്പര്‍ ഉപയോഗിച്ച് പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പുലെത്തിച്ചു. പിന്നെ നികുതി അടക്കുകയായിരുന്നു.വൻ റാക്കറ്റ് തട്ടിപ്പിന് പിന്നിലുണ്ടെന്ന് മുനിസിപ്പൽ അധ്യക്ഷ കുറ്റപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നഗരസഭ പരാതി നൽകിയിരുന്നു.