ഭോപ്പാൽ: സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ മദ്യസത്കാരം നടത്തിയെന്ന് പരാതി. വിരുന്നിൽ മാംസഭക്ഷണവും വിളമ്പി. സംഭവത്തിന്റെ വീഡിയോ വൈറലായി. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ ഗോശാലയിലാണ് ചിലർ മദ്യം കഴിക്കുന്നതും മാംസം പാകം ചെയ്യുന്നതും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രപുര ഗ്രാമത്തിലെ രാം ഹർഷൻ ഗൗശാലയിലാണ് 15 പേരടങ്ങിയ സംഘം മദ്യ-മാംസ സത്കാരം നടത്തിയതെന്ന് ബൽദേവ്ഗഡ് ജൻപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രഭാഷ് ഘൻഘോറിയ പറഞ്ഞു. കൊലപാതക കേസിൽ അറസ്റ്റിലായ അഹിർവാർ സമുദായത്തിൽപ്പെട്ട ഒരാളെ അടുത്തിടെ അദ്ദേഹത്തിന്റെ സമുദായം പുറത്താക്കിയിരുന്നു. വിലക്ക് നീക്കിക്കിട്ടാനാണ് മദ്യവുംമാംസവും ഉപയോഗിച്ച് പാർട്ടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗോശാലയിൽ പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അത് ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 35 ലക്ഷം രൂപ ചെലവിലാണ് സർക്കാർ ഗോശാല നിർമിച്ചത്. നിലവിൽ 70 പശുക്കളാണ് ഈ ഷെൽട്ടറിലുള്ളതെന്നും പകൽ സമയങ്ങളിൽ മേയാൻ വിടുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.