റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ. തെക്കൻ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഭാര്യ യൂലിയ നവൽനയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചു. ഫെബ്രുവരി 16നാണ് അലക്‌സി നവൽനി മരണപ്പെടുന്നത്. 2021 മുതൽ നവൽനി ആർട്ടിക് ജയിലിൽ തടവിലായിരുന്നു. വിവിധ കേസുകളിലായി 19 വർഷം നവൽനിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
തീവ്രവാദ സംഘടനകൾക്ക് പണം നൽകിയെന്ന കേസിലാണ് നവൽനി ഒടുവിലായി തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവൽനിയെ പാർപ്പിച്ചിരുന്ന്. പിന്നീട് 2021ൽ നവൽനിയെ ആർടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവൽനിയുടെ ബന്ധുക്കൾ ഉൾപ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു.
വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവൽനി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിദശീകരണം. റഷ്യയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവൽനിയുടെ മരണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പുടിന്റെ ഏറ്റവും ശക്തമായ റഷ്യൻ വിമർശനെന്ന് ആഗോളതലത്തിൽ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവൽനി.