കൊല്ലം : തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനുശേഷം അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് കേരളം. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പോലീസിന്‍റെ പഴുതടച്ച അന്വേഷണവും എല്ലാവരും ഒരേമനസ്സോടെ ചേര്‍ന്നിറങ്ങിയതുമാണ് കുറ്റവാളികളെ സമ്മര്‍ദത്തിലാക്കിയതെന്നും ഇതോടെയാണ് അവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും കൊല്ലത്തെ ജനപ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രി മുതല്‍ പോലീസിനൊപ്പം ഉണ്ടായിരുന്നുവെന്നും കുട്ടിയെ കണ്ടെത്തിയതില്‍ പറയാന്‍ വാക്കുകളില്ലെന്നും ചാത്തന്നൂര്‍ എം.എല്‍.എ ജയലാല്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ കുറ്റവാളികള്‍ പോയ വാഹനം ചേയ്സ് ചെയ്യ്തുവരുകയായിരുന്നു. ഇതിനിടെ മറ്റു റൂട്ടുകളിലും പരിശോധന വ്യാപിപ്പിച്ചതിനിടെയാണ് കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞത്.
എല്ലാവരും ഒറ്റക്കെട്ടായി അബിഗേലിനെ കണ്ടെത്താന്‍ ഇറങ്ങുകയായിരുന്നു. മാധ്യമങ്ങളും പോലീസും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഒറ്റക്കെട്ടായി ഇറങ്ങിയതോടെ കുറ്റവാളികള്‍ സമ്മര്‍ദത്തിലായി. കുട്ടിയെ കിട്ടിയെങ്കിലും പോലീസ് ഇപ്പോഴും പിന്‍മാറിയിട്ടില്ല. പ്രതികള്‍ക്കായി വലവിരിച്ചുകഴിഞ്ഞുവെന്നും ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചുവെന്നും ജയലാല്‍ പറഞ്ഞു. ആശ്വാസകരമായ വാര്‍ത്തയാണിതെന്നും കേരളം ശ്വാസമുട്ടി നിന്ന സമയമായിരുന്നുവെന്നും ഇരവിപുരം എംഎല്‍എ എം നൗഷാദ് പറഞ്ഞു. ഇതിന് പിന്നില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരളത്തിലെ മുഴുവന്‍ പോലീസും പത്മവ്യൂഹം തീര്‍ത്തതുകൊണ്ടാണ് പ്രതികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നത്. തുടര്‍ന്നുള്ള അന്വേഷണവും ഇതേ ശക്തമായ രീതിയില്‍ മുന്നോട്ടുപോകുമെന്നും എംഎല്‍എ പറഞ്ഞു.