ചെന്നൈ: തമിഴ്നാട്ടിൽ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് ‘വർക് ഫ്രം ഹോം’ പദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സ്റ്റാലിന്‍റെ പ്രഖ്യാപനം.
തമിഴ്‌നാട് സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഭിന്നശേഷിക്കാർക്ക് സൗജന്യ ലാപ്ടോപ്പുകളും സോഫ്റ്റ്വെയറുകളും ലഭ്യമാക്കി പരിശീലനം നൽകും.
സ്വകാര്യ- സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി വർക് ഫ്രം ഹോം സംവിധാനമൊരുക്കുന്നതിനും ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക സമിതികൾ രൂപവത്കരിക്കും. ഇവരുടെ യാത്രാക്ലേശം ഉൾപ്പെടെയുള്ള വിഷമതകൾ കണക്കിലെടുത്താണ് നടപടി.
കാഴ്ച വൈകല്യമുള്ളവർ ഉൾപ്പെടെ 4.39 ലക്ഷം ഭിന്നശേഷിക്കാർക്ക് 1,000 രൂപ പ്രതിമാസ പെൻഷൻ നൽകുന്നത് 2023 ജനുവരി ഒന്നു മുതൽ 1,500 രൂപയായി ഉയർത്തും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ തയാറാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.