ന്യൂഡൽഹി: വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയ വാരാണസി ഗ്യാൻവാപി മസ്ജിദിനായി രാജ്യത്തെങ്ങുമുള്ള മുസ്‍ലിംകളോട് വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം. പള്ളിയിലെ പൂജയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വാരാണസിയിൽ മുസ്‍ലിംകളോട് കടകളടച്ച് ബന്ദ് ആചരിക്കാനും ജുമുഅ നമസ്കാരത്തിന് ശേഷം അസർ നമസ്കാരം വരെ പ്രാർഥനയിൽ മുഴുകാനും അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അഭ്യർഥിച്ചു.
വാരാണസിയിലെ ദാൽമണ്ഡി, നയീ സഡക്, നദേസർ, അർദലി ബസാർ തുടങ്ങിയ മേഖലകളിൽ നടത്തുന്ന ബന്ദ് പൂർണമായും സമാധാനപരമായിരിക്കണമെന്നും കമ്മിറ്റി പ്രസിഡന്റ് മൗലാന അബ്ദുൽ ബാഖിയും സെക്രട്ടറി മൗലാന അബ്ദുൽ ബാതിൻ നുഅ്മാനിയും ഓർമിപ്പിച്ചു. കമ്മിറ്റിയുടെ ആഹ്വാനത്തിന് ദയൂബന്ത് ദാറുൽ ഉലൂമിലെ മുഫ്തി അബുൽ ഖാസിം നുഅ്മാനി പിന്തുണ പ്രഖ്യാപിച്ചു. ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ കോടതി വിധിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച രാത്രി പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് വ്യാഴാഴ്ച പൂജ തുടങ്ങിയത്.