കൊച്ചി: ഉത്കണ്ഠയില്ലാതെ പൂർണമായി മനസ് അർപ്പിച്ച് ഹജ്ജ് യാത്ര നിർവഹിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി പി. രാജീവ്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർത്ഥാടകർക്കായുള്ള ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മെഡിക്കൽ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വൊളൻ്റിയർമാരുടെ സേവനവും ക്യാംപിൽ സജ്ജമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എമിഗ്രേഷനു വേണ്ടിയുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി. 200 പേർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സർക്കാർ ഉദ്യോസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഹജ്ജിനായി ചെന്നിറങ്ങുമ്പോഴും ആശങ്കപ്പെടേണ്ടതില്ല. ഹജ്ജ് നിർവഹിച്ച് തിരിച്ചെത്തുമ്പോൾ ആവശ്യമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തി.
സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ചേർന്ന് സംഘാടക സമിതിയുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ഹജ്ജ് ക്യാംപ് മുന്നോട്ടു പോകുന്നത്. ഹജ്ജ് യാത്രയ്ക്ക് കോഴിക്കോട് നിന്നുള്ള വിമാനക്കൂലി കുറയ്ക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ പരിധിയിലുള്ള കാര്യമല്ല. ഇതിനായി ഇനിയും സാധ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. 17883 പേരാണ് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്നായി കേരളത്തിൽനിന്ന് ഈ വർഷം ഹജ്ജ് തീർത്ഥയാത്ര നടത്തുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 6516 പേരാണ് അധികമായി യാത്ര ചെയ്യുന്നത്. ഇതിൽ 10064 പേർ സ്ത്രീകളാണ്. 7229 പുരുഷന്മാരാണുള്ളത്.
ജീവിതത്തിലെ ഏറ്റവും മഹനീയ ദൗത്യമാണ് ഹജ്ജ് യാത്ര. ആത്മീയതയുടെ തീർഥാടനമാണ്. ഓരോ മതവിഭാഗത്തിലും ആത്മശുദ്ധിയുടെ തീർഥാടനങ്ങളുണ്ട്. കുറേക്കൂടി നല്ല മനുഷ്യനാക്കാൻ സജ്ജമാക്കുന്ന മാനവികതയുടെ ഔന്നത്യത്തിലേക്ക് മനുഷ്യനെ കൈ പിടിച്ചുയർത്തുന്ന യാത്രകളാണ് തീർഥയാത്രകളെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ക്യാപ് ഒരുക്കിയിരിക്കുന്നത്. ജൂൺ 10 വരെയാണ് ഹജ്ജ് ക്യാംപ്. 4474 പേരാണ് കൊച്ചി വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്. ഇതിൽ 1826 പേർ പുരുഷന്മാരും 2448 പേർ സ്ത്രീകളുമാണ്. കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്‌നാടിൽ നിന്നുള്ള 105 പേരും കർണ്ണാടകയിൽ നിന്ന് രണ്ടു പേരും കൊച്ചി വഴിയാണ് പോകുന്നത്. സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുന്നത്. മേയ് 26 ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. ജൂൺ 9ന് അവസാനിക്കുന്ന രീതിയിൽ 16 സർവ്വീസുകളാണ് നടത്തുന്നത്.