റിയാദ് : ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി. അവസാന ഹജ്ജ് വിമാനം ഞായറാഴ്ച വൈകീട്ടാണ് ജിദ്ദയില്‍ തീര്‍ഥാടകരുമായി എത്തിയത്. മുംബൈയില്‍ നിന്ന് 113 തീര്‍ഥാടകരാണ് ഒടുവില്‍ എത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56,637 ഉം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി പതിനയ്യായിരത്തോളവും തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയത്. ഇവരെല്ലം മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും സന്ദര്‍ശിച്ച് എട്ട് ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് ഇഹ്‌റാം കെട്ടി ഉംറയിലേക്കും ഹജ്ജിലേക്കും പ്രവേശിക്കുന്നതിനായി മക്കയിലെത്തി ചേര്‍ന്നത്. മക്കയിലെത്തിയവരെല്ലാം പലതവണ ഉംറ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി ഹജ്ജ് കര്‍മങ്ങളാണ്. അതിന് വരുന്ന വെള്ളിയാഴ്ച അറഫാ സംഗമത്തോടെ തുടക്കമാവും.
ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ഹാജിമാര്‍ ഇതിനായി മക്കയിലെത്തി ചേര്‍ന്നിട്ടുണ്ട്. വിദേശത്ത് നിന്ന് എട്ടര ലക്ഷവും സൗദിയില്‍ നിന്ന് ഒന്നരലക്ഷവുമടക്കം മൊത്തം പത്ത് ലക്ഷം പേരെയാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുപ്പിക്കുന്നത്. എട്ടര ലക്ഷം വിദേശ തീര്‍ഥാടകര്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍നിന്ന് മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി സൗദി അറബ്യേക്കുള്ളില്‍ നിന്ന് സ്വദേശികളും വിദേശികളുമായ തീര്‍ഥാടകരാണ് എത്തിച്ചേരാനുള്ളത്. അവര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മക്കയിലെത്തിച്ചേരും. ബുധനാഴ്ച രാത്രിയോടെ മുഴുവന്‍ തീര്‍ഥാടകരും മിനായിലേക്ക് നീങ്ങും. അവിടെയാണ് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നതുവരെ ഹാജിമാര്‍ തങ്ങൂക.
വിവിധയിടങ്ങളില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി തീര്‍ഥാടകര്‍ മക്ക മസ്ജിദുല്‍ ഹറാമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള മഷായിര്‍ ട്രെയിനില്‍ മിനായില്‍നിന്ന് അതാത് സമയങ്ങളില്‍ എത്തിച്ചേരും. ഇതില്‍ അറഫാസംഗമ ദിനത്തിലൊഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും മിനായില്‍ തന്നെയാണ് ഹാജിമാര്‍ രാത്രി തങ്ങുക. ജൂലൈ ആറിന് ബുധനാഴ്ച രാത്രിയോടെ മിനായിലേക്ക് പോകുന്ന ഹാജിമാര്‍ അവിടെ തങ്ങിയ ശേഷം ജൂലൈ എട്ടിന് വെള്ളിയാഴ്ച അറഫാസംഗമത്തില്‍ പങ്കെടുക്കാന്‍ അറഫാമൈതാനത്ത് എത്തിച്ചേരും. ഹജ്ജിന്റെ ഏറ്റവും സുപ്രധാനവും ആദ്യത്തേതുമായ ചടങ്ങാണ് അറഫാസംഗമം.
ജൂലൈ ഒമ്പത് ശനിയാഴ്ച മക്കയിലെ കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണം (തവാഫ്), ബലിപ്പെരുന്നാള്‍ എന്നിവക്കൊപ്പം ജംറയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങിന് തുടക്കവും കുറിക്കും. ജൂലൈ 10, 11, 12 തീയതികളില്‍ ജംറയില്‍ കല്ലെറിയല്‍ കര്‍മങ്ങള്‍ തുടര്‍ന്നും നടത്തും. അതോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. പിന്നീട് മടക്കമാണ്. നേരിട്ട് ജിദ്ദ വഴി മക്കയിലെത്തിയ ഹാജിമാര്‍ തുടര്‍ന്ന് മദീനയിലേക്ക് പോയി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് നാടുകളിലേക്ക് മടങ്ങുക.
എന്നാല്‍ ആദ്യം മദീനയിലെത്തി സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയ തീര്‍ഥാടകര്‍ ജൂലൈ 12ന് ജംറയിലെ അവസാന കല്ലെറിയല്‍ കര്‍മം കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജിദ്ദയില്‍ നിന്ന് നാടുകളിലേക്ക് മടങ്ങും. അതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പര്യവസാനമാകും. കോവിഡ് മഹാമാരി ഉണ്ടായതിന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായി ആളുകളെ പങ്കെടുപ്പിച്ചുള്ള ഹജ്ജ് ചടങ്ങുകള്‍ നടക്കാന്‍ പോകുന്നത്.